പ്രധാന വിവരങ്ങള്‍:
പുത്തന്‍ മിസൈല്‍: നോവി ലിപോവിക്കിലെ (Nowy Lipowiec) അപകടസ്ഥലത്തുനിന്ന് മിസൈലിന്റെ എഞ്ചിന്‍, നിയന്ത്രണ സംവിധാനങ്ങളുടെ ഭാഗങ്ങള്‍ എന്നിവ അന്വേഷണ സംഘം കണ്ടെടുത്തു. ഈ വര്‍ഷത്തെ നാലാം പാദത്തില്‍ (Fourth Quarter) റഷ്യയില്‍ പുതുതായി നിര്‍മ്മിച്ച മിസൈലാണിതെന്നും, നിര്‍മ്മിച്ച സ്ഥലം പോലും തിരിച്ചറിയാന്‍ സാധിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
നാറ്റോ സൈനികാഭ്യാസം ലക്ഷ്യമിട്ടോ? ജര്‍മ്മന്‍ സൈന്യം ഉള്‍പ്പെടെ 11 രാജ്യങ്ങളില്‍ നിന്നുള്ള 2,800 സൈനികര്‍ പങ്കെടുക്കുന്ന 'കോയലിഷന്‍ ഓഫ് ദി വില്ലിംഗ്' സൈനികാഭ്യാസം നോവ ഡെംബയില്‍ നടക്കുന്നതിനിടെയാണ് ഈ സംഭവം. മിസൈല്‍ പതിച്ച റുഡ്നിക് (Rudnik) മേഖലയില്‍ നിന്ന് വെറും 30 കിലോമീറ്റര്‍ അകലെയാണ് ഈ സൈനിക കേന്ദ്രം. രണ്ട് മിസൈലുകള്‍ ഈ സൈനികാഭ്യാസ കേന്ദ്രത്തെ ലക്ഷ്യമിട്ടാണ് എത്തിയതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് യാദൃച്ഛികമല്ലെന്നും മനഃപൂര്‍വ്വമുള്ള പ്രകോപനമാണെന്നും പോളിഷ് പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്ക് വ്യക്തമാക്കി.
മോശം കാലാവസ്ഥ കാരണം വെടിവെച്ചിടാനായില്ല: വെള്ളിയാഴ്ച പോളിഷ് വ്യോമാതിര്‍ത്തി സംരക്ഷിക്കാനായി പറന്നുയര്‍ന്ന രണ്ട് സ്വീഡിഷ് 'ഗ്രിപ്പന്‍' (Gripen) യുദ്ധവിമാനങ്ങള്‍ക്ക് റഷ്യന്‍ മിസൈലുകളെ വെടിവെച്ചിടാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ കടുത്ത മോശം കാലാവസ്ഥ കാരണം അവയ്ക്ക് മിസൈലുകളെ തകര്‍ക്കാന്‍ സാധിച്ചില്ലെന്ന് അധികൃതര്‍ വെളിപ്പെടുത്തി.
അടിയന്തര യോഗം വിളിച്ച് നാറ്റോ: പോളണ്ടിന്റെ ഓരോ ഇഞ്ച് മണ്ണും സംരക്ഷിക്കുമെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെ ഉറപ്പുനല്‍കി. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച നാറ്റോ കൗണ്‍സില്‍ അടിയന്തര യോഗം ചേരും. നാറ്റോയുടെ പ്രതികരണം എങ്ങനെയായിരിക്കുമെന്ന് പരീക്ഷിക്കാനാണ് റഷ്യ ഈ നീക്കം നടത്തിയതെന്നാണ് അമേരിക്കന്‍ തിങ്ക് ടാങ്കായ ഐ.എസ്.ഡബ്ള്യു വിലയിരുത്തുന്നത്.
വസ്തുതകള്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ റഷ്യയോട് കടുത്ത പ്രതിഷേധം അറിയിക്കുമെന്ന് പോളിഷ് വിദേശകാര്യ മന്ത്രി റാഡോസ്ളാവ് സിക്കോര്‍സ്കി വ്യക്തമാക്കി. സംഭവത്തെത്തുടര്‍ന്ന് പോളിഷ് പ്രധാനമന്ത്രി അടിയന്തര ൈ്രകസിസ് മാനേജ്മെന്റ് യോഗവും വിളിച്ചുചേര്‍ത്തു.

Comments: